കൊച്ചി: ഗുജറാത്തിൽ ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ പരമ്പരാഗത സ്വീകരണത്തിന്റെ ഭാഗമായി തിലകക്കുറി ചാർത്തിയ നടൻ മമ്മൂട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടനും ഹാസ്യകലാകാരനുമായ ഹരിശ്രീ യൂസഫ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്ന ഓൺലൈൻ ട്രോളന്മാർക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്.
അബ്ബാസ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിയ യൂസഫ്, സാംസ്കാരികമായ സ്വീകരണങ്ങളെ മതപരമായ കണ്ണടയിലൂടെ മാത്രം കാണരുതെന്ന് ഓർമിപ്പിച്ചു. വലിയ ഹോട്ടലുകളിലും മറ്റ് പ്രമുഖ ചടങ്ങുകളിലും അതിഥികളെ തിലകം ചാർത്തി സ്വീകരിക്കുന്നത് സാധാരണ കീഴ്വഴക്കം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"നാമൊക്കെ ഒരുപോലെ സന്തോഷിക്കുകയും കയ്യടിക്കുകയും ചെയ്ത നിമിഷത്തിലാണ് ഒരാൾ അനാവശ്യ വിമർശനവുമായി രംഗത്തെത്തിയത്. മമ്മൂക്ക ഒരു കലാകാരനാണ്. കലാകാരന്മാർക്ക് ഇത്രയും ഇടുങ്ങിയ ചിന്താഗതിയില്ല. തിലകക്കുറി തൊടുന്നതും കുരിശുവരയ്ക്കുന്നതും തൊഴുതുപ്രാർത്ഥിക്കുന്നതുമെല്ലാം ദൈവസ്നേഹത്തിന്റെ വിവിധ രൂപങ്ങളാണ്. മതം എന്നത് മനുഷ്യനെ കൂടുതൽ നല്ലവനാക്കാനുള്ളതാണ്, പരസ്പരം പോരടിക്കാനല്ല," ഹരിശ്രീ യൂസഫ് പറഞ്ഞു.
സമൂഹത്തിന് നിരവധി കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ചികിത്സാ സഹായങ്ങളിലൂടെയും തണലേകുന്ന മമ്മൂട്ടിയെപ്പോലൊരു വ്യക്തിക്കെതിരെ വർഗീയ പ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ചിന്താഗതികൾ താലിബാൻ മോഡൽ മാനസികാവസ്ഥയാണെന്നും ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് വർഗീയത വളർത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.